Monday, November 2, 2015
കറുത്ത മൃദുലമായ ചിറകുള്ള 
മൌനമെന്ന കിളി, 
എന്തിനെന്നെ കൊത്തികൊണ്ട് 
അതിരുകളില്ലാത്ത 
ആകാശ ചെരുവിലൂടെ 
പറക്കുന്നു ?? 
അവിടമാകെ ചിറകൊടിഞ്ഞ 
 നഷ്ട സ്വപ്നങ്ങളുടെ 
വിഹാരകേന്ദ്രമാണ് ..

എനിക്ക് വാക്കെന്ന കിളിയുടെ 
തടവറയിൽ 
സ്വതന്ത്രമായി വിഹരിക്കണം  ..

Saturday, October 31, 2015പറയാത്ത വാക്കുകളുടെ 
പ്രണയത്തുടിപ്പിന്റെ ചുവപ്പ് പോലെ
കളകള മൊഴുകുന്ന അരുവിതൻ കരയിലെ 
ഇളം വെയിലേറ്റു കിടക്കുന്ന 
ഒരു നുറുങ്ങു സ്വപ്നതുണ്ട്‌ പോലെ ..
മഴ ഉപേക്ഷിച്ച് പോയ 
ഒരു കുഞ്ഞു തുള്ളിയിൽ വിരിയുന്ന 
മഴവിൽ നനവ്‌ പോലെ ..
ഞാൻ നട്ടു പിടിപ്പിക്കുന്ന 
സ്വപ്നചെടികളിൽ എല്ലാം 
പൂക്കുന്നത് നിന്റെ പ്രണയ പൂക്കളെന്നു 
എഴുതാത്ത കവിതയിലെ വാക്കുകൾ മൊഴിയുന്നു 
തൂലികയിലൂടോഴുകുന്ന കരളില്ന്റെ കാതലിനോട് ..

Monday, February 2, 2015

അസ്ഥികൾ പൂക്കുന്ന 
താഴ്വാരത്തിൽ 
ആത്മാക്കൾ  ചുംബിക്കുന്ന സെമിത്തേരിയിൽ,
നീ എന്നിൽ അലിയുന്ന യാമത്തിൽ, 
എല്ലാം കാണുന്ന കണ്ണുകൾക്കപ്പുറത്ത്
സൂര്യനെ വലം വെച്ചൊരു ഭൂമി കറങ്ങുന്നു ..

Thursday, January 29, 2015

പ്രണയാമൃതം ഊറ്റികുടിച്ച 
രക്തരക്ഷസ്സ്  
കറുത്ത സുന്ദരിയുടെ മേനിയിൽ 
അധരം കൊണ്ട് അലങ്കാരങ്ങൾ 
ചാർത്തുന്നു ..
ഭിക്ഷ തേടി മോക്ഷം നേടി 
ജന്മാന്തരങ്ങളായി അലയുന്നൊരു 
സമാധി 
ബോധിവൃക്ഷച്ചുവട്ടിൽ 
ശിവഗംഗയെ ആവാഹിച്ച് 
പുനർജനിക്കുന്നു ..


Thursday, December 13, 2012

നിനക്കായി വീണ്ടും ...

 
പ്രണയത്തിന്റെ അത്യുന്നതങ്ങളില്‍
കയറിനിന്നു നീ ശിവതാണ്ഡവമാടുന്നു

സതിയുടെ പുനര്‍ജന്മമായി പാര്‍വതി
അവതരിച്ചത്പോലെ എനിക്ക് ഇനി
നിനക്കായ് പുനര്‍ജനിക്കാന്‍ ആകുമോ

താതന്‍ ഒരുക്കിയ യാഗജ്വാലയില്‍
സതീദേവി എരിഞ്ഞടങ്ങിയെങ്കില്‍
ഞാന്‍ നിന്നിലെ പ്രണയാഗ്നിയില്‍
സ്വയം കത്തിയെരിഞ്ഞു ചാമ്പലായി

ഇനി ഒരു ഉയിര്‍ത്തെഴുന്നെല്‍പ്പ് വേണം
എന്റെ പുനര്‍ജ്ജനിക്കായ്‌ നീകാത്തിരിക്കുക
നിന്റെ വിരഹത്തിന്റെ ഓരോതുള്ളി കണ്ണീരും
എന്റെനെഞ്ചില്‍ പ്രണയത്തിന്റെ ചുവന്ന
രുദ്രാക്ഷമണികള്‍ ആയി ഉതിര്‍ന്നുനിറയട്ടെ

എന്റെ ഹൃദയത്തില്‍ പുകയുന്ന നീറ്റലുകളുടെ
എരിയുന്ന തീയില്‍ നിന്റെ പ്രണയത്തിന്റെ
ആലിപഴങ്ങള്‍ പുഴയായ് ഉതിര്‍ന്നോഴുകട്ടെ

നമ്മുടെ ഇടംവലം കൈകള്‍കൂട്ടി കുമ്പിളാക്കി
നമുക്ക് മാത്രമായി ഉതിര്‍ക്കുന്ന മണമുള്ള
ആലിപഴങ്ങള്‍ പെറുക്കാന്‍ നമുക്ക് കാത്തിരിക്കാം !

Tuesday, July 31, 2012

സരയു നദി കരയാറില്ലാ..


സരയു നദിയുടെ ഓളങ്ങള്‍ അന്ന്
ആഹ്ലാദ നൃത്തം ചെയ്തു ..
അന്തപുരത്തില്‍ രണ്ടു സുന്ദരി പട്ടമഹര്‍ഷികള്‍
പരിണയം കഴിഞ്ഞെത്തി  ..
പട്ടാഭിഷേകത്തിനായി 
കോസല രാജകുമാരന്‍ ഒരുങ്ങുന്നു
ഭര്‍തൃസഹോദരന്  ഉപഹാരം മെനയുന്ന
തിരക്കിലായിരുന്നു അവള്‍ ..
ചായ കൂട്ടുകള്‍ കൊണ്ടൊരു ലോകം ..
പെട്ടന്നു  പിന്നില്‍  വക്കുകള്‍ പൊട്ടിയ 
പ്രിയന്റെ വാക്കുകള്‍ ..
നിറങ്ങള്‍ അവളുടെ ചിത്രങ്ങളില്‍ 
വീണു പൊട്ടിക്കരഞ്ഞു  ..
അവളുടെ മനസ്സ് ശൂന്യമായി ...

ഭര്‍തൃ സഹോദരന്റെ രക്ഷക്കായി
കാട്ടില്‍ പോകുന്ന രാജകുമാരന്റെ
മൊഴികളെ  മൂകയായി നിന്നവള്‍ 
അമൃത് ആയി കുടിച്ചു  ..
'പ്രിയന്റെ കൂടെ ഞാനും'
എന്ന് സീത ശഠിച്ചപ്പോള്‍ 
പ്രിയപെട്ടവന്‍ ഇല്ലാത്ത 
പ്രിയന്റെ ലോകത്തെ
വിളക്കായവള്‍ ജ്വലിച്ചു
 
അന്തപുരം വിട്ടകന്നു
പോയവരുടെ പിന്നാലെ
അവളുടെ കണ്ണുകളും
കുറെ ദൂരം പാഞ്ഞു
മനസ്സിന്റെ മണിയറയെ
കാവികൊണ്ട് മൂടി പുതപ്പിച്ചു
കൊട്ടാരത്തിലെ മറ്റൊരു
സുന്ദരി ശില്പമായി മാറിയവള്‍

കതിരോന്റെ  കുടകീഴില്‍ 
മാതാപിതാക്കളെ പൂജിച്ചും
ഭൂമി ഉറങ്ങുമ്പോള്‍  പ്രിയതമന്റെ
മണത്തെ മൌനമായി കുടിച്ചും  
അവളുടെ കണ്ണുകള്‍
മറ്റൊരു സരയുയായി ഒഴുകി ..
വിരഹത്തിന്റെ നെടുവീര്‍പ്പുകള്‍
സരയുവിലെ ഓളങ്ങളില്‍
വിങ്ങിപൊട്ടി ..

'അയോധ്യയുടെ അലങ്കാരം'
വാല്ത്മീകിയുടെ വിശേഷണം
മഹര്‍ഷി   ഒരുപക്ഷെ ഈ ദേവിയെ
കുറിച്ചെഴുതാന്‍ തുടങ്ങിയാല്‍
മറ്റൊരു ഇതിഹാസ കാവ്യം
ആകുമോന്ന് കരുതിയോ  !!
ത്യാഗത്തില്‍ ശ്രീരാമനെയും
കഠിനവ്രതത്തില്‍  ലക്ഷ്മണനെയും
സ്ത്രീയുടെ പ്രതീകത്തില്‍ സീതയേയും
വെല്ലുന്ന ഈ മഹാദേവിയെ
എന്തെ ആരും പൂജിക്കാത്തത് ???

Saturday, June 16, 2012

ഭൂമിയിലെ മാലാഖമാര്‍


ദൂരെ ദൂരെ കണ്ണെത്താ
ദൂരത്തു ഗോതമ്പ് പാടങ്ങള്‍
വറ്റി വരണ്ടു വിണ്ടു കിടക്കുന്നു.....
ഒരു മഴക്കായി അവര്‍ കേഴുന്നുണ്ടോ ??
ഇല്ലാ 
ഋതുക്കള്‍ ഓരോന്നായി വന്നു
ഭൂമിയെ തഴുകി തലോടി പോകുന്നത്
അറിയാതെ
ഭൂമിയിലെ വേറൊരു ലോകത്ത്
വിശ്രമമില്ലാത്ത ദിന രാത്രങ്ങള്‍
ചിരിക്കാന്‍ മറന്നു പോയ മുഖങ്ങള്‍
സ്വപ്നങ്ങള്‍ ഉണങ്ങിയ കണ്ണുകള്‍
സൂര്യന്റെ ചൂടിന്റെ തീഷ്ണതയും
ചന്ദ്രന്റെ നിലാവിന്റെ ഭംഗിയും
കണ്ണ് ചിമ്മി മാടി വിളിക്കുന്ന
നക്ഷത്രങ്ങളെയും
അവര്‍ അറിയുന്നില്ലാ  ....
പ്രണയത്തിന്റെ മാധുര്യവും
വിരഹത്തിന്റെ കണ്ണീരും
അവര്‍ക്ക് ഒരുപോലെ ആകുമോ ???
ജൂണ്‍ മാസത്തിലെ വിണ്ടു കീറിയ
ഹരിയാന പാടങ്ങളെ പോലെ
വിണ്ടു കീറിയ കാല്‍ പാദങ്ങളും
മനസ്സിന്റെ ഉള്ളില്‍ കസ്തുരിയെക്കള്‍
സുഗന്ധം കാത്തു സൂക്ഷിക്കുന്ന .
എരുമകളുടെ സന്തത സഹചാരിയായി
ഗോതമ്പ് പാടങ്ങളില്‍ അന്നതിന്റെ
ബീജങ്ങള്‍ വിളയിപ്പിക്കുന്ന
രാത്രിയും പകലും ഒരുപോലെ
ജ്വലിച്ചു നില്‍ക്കുന്ന വീടിന്റെ
സൂര്യനായി മാറിയ
ഹരിയാനവി പെണ്ണുങ്ങളെ ........
നിങ്ങളുടെതാണ് സ്വര്‍ഗരാജ്യം
നിങ്ങള്‍ക്കായി ദൈവം സ്വര്‍ഗ്ഗരാജ്യം
അണിയിച്ചു ഒരുക്കിയിരിക്കുന്നു ...