Thursday, December 13, 2012

നിനക്കായി വീണ്ടും ...









 












പ്രണയത്തിന്റെ അത്യുന്നതങ്ങളില്‍
കയറിനിന്നു നീ ശിവതാണ്ഡവമാടുന്നു

സതിയുടെ പുനര്‍ജന്മമായി പാര്‍വതി
അവതരിച്ചത്പോലെ എനിക്ക് ഇനി
നിനക്കായ് പുനര്‍ജനിക്കാന്‍ ആകുമോ

താതന്‍ ഒരുക്കിയ യാഗജ്വാലയില്‍
സതീദേവി എരിഞ്ഞടങ്ങിയെങ്കില്‍
ഞാന്‍ നിന്നിലെ പ്രണയാഗ്നിയില്‍
സ്വയം കത്തിയെരിഞ്ഞു ചാമ്പലായി

ഇനി ഒരു ഉയിര്‍ത്തെഴുന്നെല്‍പ്പ് വേണം
എന്റെ പുനര്‍ജ്ജനിക്കായ്‌ നീകാത്തിരിക്കുക
നിന്റെ വിരഹത്തിന്റെ ഓരോതുള്ളി കണ്ണീരും
എന്റെനെഞ്ചില്‍ പ്രണയത്തിന്റെ ചുവന്ന
രുദ്രാക്ഷമണികള്‍ ആയി ഉതിര്‍ന്നുനിറയട്ടെ

എന്റെ ഹൃദയത്തില്‍ പുകയുന്ന നീറ്റലുകളുടെ
എരിയുന്ന തീയില്‍ നിന്റെ പ്രണയത്തിന്റെ
ആലിപഴങ്ങള്‍ പുഴയായ് ഉതിര്‍ന്നോഴുകട്ടെ

നമ്മുടെ ഇടംവലം കൈകള്‍കൂട്ടി കുമ്പിളാക്കി
നമുക്ക് മാത്രമായി ഉതിര്‍ക്കുന്ന മണമുള്ള
ആലിപഴങ്ങള്‍ പെറുക്കാന്‍ നമുക്ക് കാത്തിരിക്കാം !

Tuesday, July 31, 2012

സരയു നദി കരയാറില്ലാ..






















സരയു നദിയുടെ ഓളങ്ങള്‍ അന്ന്
ആഹ്ലാദ നൃത്തം ചെയ്തു ..
അന്തപുരത്തില്‍ രണ്ടു സുന്ദരി പട്ടമഹര്‍ഷികള്‍
പരിണയം കഴിഞ്ഞെത്തി  ..
പട്ടാഭിഷേകത്തിനായി 
കോസല രാജകുമാരന്‍ ഒരുങ്ങുന്നു
ഭര്‍തൃസഹോദരന്  ഉപഹാരം മെനയുന്ന
തിരക്കിലായിരുന്നു അവള്‍ ..
ചായ കൂട്ടുകള്‍ കൊണ്ടൊരു ലോകം ..
പെട്ടന്നു  പിന്നില്‍  വക്കുകള്‍ പൊട്ടിയ 
പ്രിയന്റെ വാക്കുകള്‍ ..
നിറങ്ങള്‍ അവളുടെ ചിത്രങ്ങളില്‍ 
വീണു പൊട്ടിക്കരഞ്ഞു  ..
അവളുടെ മനസ്സ് ശൂന്യമായി ...

ഭര്‍തൃ സഹോദരന്റെ രക്ഷക്കായി
കാട്ടില്‍ പോകുന്ന രാജകുമാരന്റെ
മൊഴികളെ  മൂകയായി നിന്നവള്‍ 
അമൃത് ആയി കുടിച്ചു  ..
'പ്രിയന്റെ കൂടെ ഞാനും'
എന്ന് സീത ശഠിച്ചപ്പോള്‍ 
പ്രിയപെട്ടവന്‍ ഇല്ലാത്ത 
പ്രിയന്റെ ലോകത്തെ
വിളക്കായവള്‍ ജ്വലിച്ചു
 
അന്തപുരം വിട്ടകന്നു
പോയവരുടെ പിന്നാലെ
അവളുടെ കണ്ണുകളും
കുറെ ദൂരം പാഞ്ഞു
മനസ്സിന്റെ മണിയറയെ
കാവികൊണ്ട് മൂടി പുതപ്പിച്ചു
കൊട്ടാരത്തിലെ മറ്റൊരു
സുന്ദരി ശില്പമായി മാറിയവള്‍

കതിരോന്റെ  കുടകീഴില്‍ 
മാതാപിതാക്കളെ പൂജിച്ചും
ഭൂമി ഉറങ്ങുമ്പോള്‍  പ്രിയതമന്റെ
മണത്തെ മൌനമായി കുടിച്ചും  
അവളുടെ കണ്ണുകള്‍
മറ്റൊരു സരയുയായി ഒഴുകി ..
വിരഹത്തിന്റെ നെടുവീര്‍പ്പുകള്‍
സരയുവിലെ ഓളങ്ങളില്‍
വിങ്ങിപൊട്ടി ..

'അയോധ്യയുടെ അലങ്കാരം'
വാല്ത്മീകിയുടെ വിശേഷണം
മഹര്‍ഷി   ഒരുപക്ഷെ ഈ ദേവിയെ
കുറിച്ചെഴുതാന്‍ തുടങ്ങിയാല്‍
മറ്റൊരു ഇതിഹാസ കാവ്യം
ആകുമോന്ന് കരുതിയോ  !!
ത്യാഗത്തില്‍ ശ്രീരാമനെയും
കഠിനവ്രതത്തില്‍  ലക്ഷ്മണനെയും
സ്ത്രീയുടെ പ്രതീകത്തില്‍ സീതയേയും
വെല്ലുന്ന ഈ മഹാദേവിയെ
എന്തെ ആരും പൂജിക്കാത്തത് ???

Saturday, June 16, 2012

ഭൂമിയിലെ മാലാഖമാര്‍


























ദൂരെ ദൂരെ കണ്ണെത്താ
ദൂരത്തു ഗോതമ്പ് പാടങ്ങള്‍
വറ്റി വരണ്ടു വിണ്ടു കിടക്കുന്നു.....
ഒരു മഴക്കായി അവര്‍ കേഴുന്നുണ്ടോ ??
ഇല്ലാ 
ഋതുക്കള്‍ ഓരോന്നായി വന്നു
ഭൂമിയെ തഴുകി തലോടി പോകുന്നത്
അറിയാതെ
ഭൂമിയിലെ വേറൊരു ലോകത്ത്
വിശ്രമമില്ലാത്ത ദിന രാത്രങ്ങള്‍
ചിരിക്കാന്‍ മറന്നു പോയ മുഖങ്ങള്‍
സ്വപ്നങ്ങള്‍ ഉണങ്ങിയ കണ്ണുകള്‍
സൂര്യന്റെ ചൂടിന്റെ തീഷ്ണതയും
ചന്ദ്രന്റെ നിലാവിന്റെ ഭംഗിയും
കണ്ണ് ചിമ്മി മാടി വിളിക്കുന്ന
നക്ഷത്രങ്ങളെയും
അവര്‍ അറിയുന്നില്ലാ  ....
പ്രണയത്തിന്റെ മാധുര്യവും
വിരഹത്തിന്റെ കണ്ണീരും
അവര്‍ക്ക് ഒരുപോലെ ആകുമോ ???
ജൂണ്‍ മാസത്തിലെ വിണ്ടു കീറിയ
ഹരിയാന പാടങ്ങളെ പോലെ
വിണ്ടു കീറിയ കാല്‍ പാദങ്ങളും
മനസ്സിന്റെ ഉള്ളില്‍ കസ്തുരിയെക്കള്‍
സുഗന്ധം കാത്തു സൂക്ഷിക്കുന്ന .
എരുമകളുടെ സന്തത സഹചാരിയായി
ഗോതമ്പ് പാടങ്ങളില്‍ അന്നതിന്റെ
ബീജങ്ങള്‍ വിളയിപ്പിക്കുന്ന
രാത്രിയും പകലും ഒരുപോലെ
ജ്വലിച്ചു നില്‍ക്കുന്ന വീടിന്റെ
സൂര്യനായി മാറിയ
ഹരിയാനവി പെണ്ണുങ്ങളെ ........
നിങ്ങളുടെതാണ് സ്വര്‍ഗരാജ്യം
നിങ്ങള്‍ക്കായി ദൈവം സ്വര്‍ഗ്ഗരാജ്യം
അണിയിച്ചു ഒരുക്കിയിരിക്കുന്നു ...

Friday, May 4, 2012

കാളിന്ദി..

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
അവളുടെ  മുഖം അവള്‍ക്കു  തന്നെ അന്യമായിപോകുന്നു   ..
എവിടെ ഒക്കെയോ അവളില്‍ അവന്‍  നിറഞ്ഞു നിന്നിരുന്നു ..
ഇന്ന് അവനുവേണ്ടിയുള്ള  അവളുടെ കണ്ണിലെ 
അവസാനത്തെ സ്നേഹ കടലും വറ്റി വരണ്ടു..
ഇനി അതില്‍ തിരകള്‍ ഇല്ലാ ..
കരയെ പുണരാന്‍ വെമ്പി
ആര്‍ത്തു അലച്ചു മദിച്ച് വരുന്ന തിരകളേ ..
നിങ്ങള്ക്ക് ഇനി തിരിച്ചു പോയി 
അനന്തമായ  ആകാശത്തെ പുണരാം ..
സിരകളിലൂടെ കറുത്ത രക്തം ഓടുന്നു ..
ഹൃദയത്തിന്റെ  കവാടത്തില്‍  ഇതേവരെ
അവളുടെ  ഇഷ്ടവര്‍ണ്ണമായ  ചുവപ്പിനു പകരം
കറുത്ത വര്‍ണ്ണങ്ങള്‍ പടരുന്നു ..
കണ്ണ് പൂട്ടിയാലും കണ്ണ്  തുറന്നാലും 
നീചശക്തികളുടെ  ഉച്ചത്തിലുള്ള അട്ടഹാസം മാത്രം .
ഒരു പെണ്ണിന്റെ ദീനമായ രോദനം ..
അവള്‍ക്കു ആരെയും കേള്‍പ്പിക്കാന്‍ കഴിയുന്നില്ലാ
അവള്‍ എവിടേക്ക് പോകും ..
ദൂരെ ഒരുപാട് നക്ഷത്രങ്ങള്‍ അവളെ
മാടി മാടി വിളിക്കുന്നു ..
ഒരു നക്ഷത്രത്തിലും അവള്‍ക്കു   
തിളക്കം കാണുന്നില്ലാ ..

Monday, February 6, 2012

ആഴിയുടെ മുത്ത്‌ ..


















കടലിലെ തിരമാലകളെ മെയ്യോടു വാരിച്ചുറ്റി
അവള്‍ തീരത്തെ നോക്കി പൊട്ടി ചിരിച്ചു  ..
പിന്നെ കടലിനോട്‌ ഒരുപാട്  പരിഭവം പറയുന്നു ..
ഇന്ന് ഒരു രാത്രി  ഞാന്‍ നിന്നില്‍  റാണിയായി വാണോട്ടെ..
പകരം നിനക്കായി ഞാന്‍ എന്റെ സൂര്യനെ തീരെഴുതാം ..
നിന്റെ ആഴങ്ങളില്‍ ഞാനൊന്നു  ഊളിയിട്ടു
അനന്തന്റെ തോഴിയായി മാറിക്കോട്ടെ ..
അവളുടെ മാറിലെ ചൂടറിയാനായി.
തിരമാലകള്‍ ആര്‍ത്തു ഇരമ്പി പാഞ്ഞു വന്നു
തീരത്തെ മറന്നു പോയി .
തിരയും തീരവും മാറി മാറി
അവളുടെ പട്ടുറുമാലില്‍ അള്ളിപിടിക്കുന്നു..
ചുവന്ന കണ്ണുകള്‍ കാണിച്ചു പേടിപ്പിച്ചു 
വാനിലെ പകലിന്റെ കാവല്‍ക്കാരന്‍ ..
തീരത്തെ ഒരുപാട് ചുവന്ന കണ്ണുകള്‍
അവളുടെ മേനിയെ നക്കി തുടക്കുന്നു
ഇടിമുഴക്കമില്ലാത്ത ഒരുപാട് മിന്നലുകള്‍
അവളുടെ മേനിയില്‍ മിന്നിമറഞ്ഞു പോയി ..
നിലക്കടല കൊറ്ത്ത് കൊണ് ഒരു വീരന്‍
പഞ്ചാര മണല് കൊണ്ട് അവളെ അഭിഷേകം ചെയ്യുന്നു  ..
അപ്പോഴും അവളുടെ കണ്ണുകള്‍ കടലിനോടു കെഞ്ചുന്നു
ഇന്ന് മാത്രം നീ എന്റെ കൂടെ വാ ..
നിന്നിലെ തിരമാലകളെ ഇന്നെനിക്കു കടം താ ..
പെട്ടന്ന് അവളുടെ കണ്ണുകള്‍  വാനിലേക്ക് ഉയര്‍ന്നു ..
വാനിലെ തീ ഗോളം  അവളിലേക്ക്‌ അടുക്കുന്നു
ചക്രവാളം പോലെ അവളും ആകെ ചുവന്നു തുടുത്തു
ആഴിയിലെ ആഴങ്ങളിലേക്ക് തിരമാലകളില്‍ ചാഞ്ചാടി 

 അനന്തന്റെ തോഴിയായി അവളും പോയി ..
ചുവന്നു തുടുത്ത ആകാശം അവള്‍ക്കായി  നക്ഷത്രവിളക്കുകള്‍ തെളിയിച്ചു
വാര്‍തിങ്കള്‍ അവള്‍‍ക്കായി നിലാവിന്റെ പട്ടുമെത്ത വിരിച്ചു
തിരമാലകള്‍ അവള്‍‍ക്ക്  നേര്‍ത്ത സംഗീതമാലപിച്ചു  ..
പ്രകൃതി അവള്‍ക്കായി വെഞ്ചാമരം വീശി ..

അപ്പോഴും അവളുടെ മുടിയിലെ  മുല്ലപ്പൂ ഗന്ധം
ആ തീരത്ത് അലഞ്ഞു നടന്നു ...

Saturday, January 7, 2012

വെളുത്ത പല്ലികള്‍

മരങ്ങളെ വേദനിപ്പിക്കുന്ന കാറ്റില്‍
മദിച്ച് പെയ്യാന്‍ വെമ്പിയ മഴ നാടുവിട്ടു
കവുങ്ങിന്‍ തലപ്പുകള്‍ മുട്ടി ഉരുമ്മി
നനയാത്ത ചുംബനങ്ങള്‍ കൈമാറി
അകത്തലച്ചു കയറിയ ഈറന്‍ കാറ്റ്
മുത്തശിയുടെ നാമജപം കൊണ്ടുപോയി
സുന്ദരിപൂവിന്റെ തളിരിതളുകള്‍
കരഞ്ഞു കരഞ്ഞു  മണ്ണലിഞ്ഞു
പാതാളത്തിലെ ആണ്‍ചീവീടുകള്‍
ഭൂമിപ്പുറത്തെത്തിനോക്കി മഴയെക്കാണാതെ
സംഘവിലാപം തുടങ്ങി
പാതിയായ കിളിവീടുപേക്ഷിച്ചു
അന്നം കിട്ടാതെ മരംകൊത്തി പിണങ്ങിപ്പോയി
അടുക്കളയിലെക്കെത്തി നോക്കിയിരുന്ന
കാക്കകള്‍ അമര്‍ഷത്തോടെ കൂടണഞ്ഞു
ചേവലിടാന്‍ ഒറ്റക്കാലില്‍ നൃത്തം ചെയ്ത പൂവങ്കോഴി
മാനത്തേക്ക് തല വളച്ചുയര്‍ത്തി
കുക്കുടരാഗത്തില്‍ പ്രതിഷേധമറിയിച്ചു
പുതുമണ്ണിന്റെ മദഗന്ധം നുകരാന്‍
മേക്കാച്ചിതവളകള്‍ ആനന്ദ നൃത്തമാടി
അമ്മിക്കല്ലില്‍ അലസഗമനം നടത്തിയിരുന്ന
ഒറ്റക്കാലന്‍ഒച്ചുകള്‍ തല ഉള്‍വലിച്ചു അപകര്‍ഷരായി
മണ്ണപ്പം ചുട്ടുകൊണ്ടിരുന്ന ഞാഞ്ഞൂലുകള്‍
ഭൂമിയുടെ വാതിലടച്ച് ഉറക്കത്തിലാണ്ടു
കുപ്പായമുരിഞ്ഞുകൊണ്ടിരുന്ന കറുമ്പന്‍ മൂര്‍ഖന്‍
വേദനക്കിടയിലും ആകാശത്തോട് പുഞ്ചിരിച്ചു
കാറ്റ്.....അത് അഷ്ടദിക്കുകളും നിറഞ്ഞാടുകയാണ്
തുലാവര്‍ഷപ്പകര്ച്ചയില്‍ ഇങ്ങനെയാണത്രേ
പക്ഷെ അവള്‍ക്കു അതൊരു സംഗീതമായിരുന്നു
അതിമാരുതരാഗം..[അങ്ങനെയൊന്നുണ്ടോ...?]
ഉത്തരത്തില്‍ രണ്ടു വെളുത്ത പല്ലികള്‍
പോരിനൊരുങ്ങി   മുഖാമുഖം നില്‍ക്കുന്നു
പൊടുന്നനെ അവളുടെ കണ്ണുകള്‍ കാളിന്ദിയായി
അറ്റ് വീഴത്തപ്പെട്ട് പിടക്കുന്ന ഒരു വാല്‍
ഏതു നിമിഷവും അവളുടെ കണ്ണിലലിയുമെന്ന് 
ഇമയനക്കങ്ങളില്ലാതെ ധ്യാനത്തിലെന്നപോല്‍
അവളും,വാലുകള്‍ ഇളക്കി വെളുത്തപല്ലികളും
ഇതൊരു യുദ്ധ പ്രഖ്യാപനമല്ലെന്നും
സുരതാനുരാഗത്തിന്റെ ആദ്യ സന്ദേശങ്ങളാണെന്നും
തിരിച്ചറിയുമ്പോഴേക്കും വെളുത്ത പല്ലികള്‍
അവളുടെ നനുത്ത ചുവന്ന കൈവെള്ളയില്‍
അധരസുരതം തുടങ്ങിയിരുന്നു
കൈവെള്ളയില്‍ നിന്നു പനിചൂട് ഉടല്‍ നിറഞ്ഞു
പിന്നെയൊരു തേരോട്ടമായിരുന്നു
ഇപ്പോള്‍ തേരിനു മുന്നിലെ കുതിര അവളാണ്
പുറത്തു കാറ്റ് വധിച്ച മരങ്ങളുടെ അന്ത്യവിലാപങ്ങള്‍
നാടുവിട്ടുപോയ കരിമേഖങ്ങള്‍ ഉള്ഭയത്തോടെ
തിരികെ വന്നിട്ടുണ്ടാകണം
മഴപ്പാറ്റകളുടെ വെളിച്ചപ്രയാണങ്ങള്‍
ആണ്‍ പല്ലിയുടെ അധിനിവേശം
ഇരയാക്കപ്പെട്ടവളുടെ ചെറുത്തുനില്‍പ്പ്
ഇപ്പോള്‍ ഒരിലയില്‍ , അരയാലിലയില്‍
പൊങ്ങിപ്പറന്ന് കരിമേഘങ്ങള്‍ക്കിടയിലൂടെ
അങ്ങനെ പറന്നു അവള്‍ ..പക്ഷെ എവിടെ അവര്‍
എന്നേ പ്രലോഭനത്തിന്റെ മല കയറ്റിയ
വെളുത്ത പല്ലികള്‍ ..?