സരയു നദിയുടെ ഓളങ്ങള്‍ അന്ന്
ആഹ്ലാദ നൃത്തം ചെയ്തു ..
അന്തപുരത്തില്‍ രണ്ടു സുന്ദരി പട്ടമഹര്‍ഷികള്‍
പരിണയം കഴിഞ്ഞെത്തി ..
പട്ടാഭിഷേകത്തിനായി
കോസല രാജകുമാരന്‍ ഒരുങ്ങുന്നു
ഭര്‍തൃസഹോദരന് ഉപഹാരം മെനയുന്ന
തിരക്കിലായിരുന്നു അവള്‍ ..
ചായ കൂട്ടുകള്‍ കൊണ്ടൊരു ലോകം ..
പെട്ടന്നു പിന്നില്‍ വക്കുകള്‍ പൊട്ടിയ
പ്രിയന്റെ വാക്കുകള്‍ ..
നിറങ്ങള്‍ അവളുടെ ചിത്രങ്ങളില്‍
വീണു പൊട്ടിക്കരഞ്ഞു ..
അവളുടെ മനസ്സ് ശൂന്യമായി ...
ഭര്‍തൃ സഹോദരന്റെ രക്ഷക്കായി
കാട്ടില്‍ പോകുന്ന രാജകുമാരന്റെ
മൊഴികളെ മൂകയായി നിന്നവള്‍
അമൃത് ആയി കുടിച്ചു ..
'പ്രിയന്റെ കൂടെ ഞാനും'
എന്ന് സീത ശഠിച്ചപ്പോള്‍
പ്രിയപെട്ടവന്‍ ഇല്ലാത്ത
പ്രിയന്റെ ലോകത്തെ
വിളക്കായവള്‍ ജ്വലിച്ചു
അന്തപുരം വിട്ടകന്നു
പോയവരുടെ പിന്നാലെ
അവളുടെ കണ്ണുകളും
കുറെ ദൂരം പാഞ്ഞു
മനസ്സിന്റെ മണിയറയെ
കാവികൊണ്ട് മൂടി പുതപ്പിച്ചു
കൊട്ടാരത്തിലെ മറ്റൊരു
സുന്ദരി ശില്പമായി മാറിയവള്‍
കതിരോന്റെ കുടകീഴില്‍
മാതാപിതാക്കളെ പൂജിച്ചും
ഭൂമി ഉറങ്ങുമ്പോള്‍ പ്രിയതമന്റെ
മണത്തെ മൌനമായി കുടിച്ചും
അവളുടെ കണ്ണുകള്‍
മറ്റൊരു സരയുയായി ഒഴുകി ..
വിരഹത്തിന്റെ നെടുവീര്‍പ്പുകള്‍
സരയുവിലെ ഓളങ്ങളില്‍
വിങ്ങിപൊട്ടി ..
'അയോധ്യയുടെ അലങ്കാരം'
വാല്ത്മീകിയുടെ വിശേഷണം
മഹര്‍ഷി ഒരുപക്ഷെ ഈ ദേവിയെ
കുറിച്ചെഴുതാന്‍ തുടങ്ങിയാല്‍
മറ്റൊരു ഇതിഹാസ കാവ്യം
ആകുമോന്ന് കരുതിയോ !!
ത്യാഗത്തില്‍ ശ്രീരാമനെയും
കഠിനവ്രതത്തില്‍ ലക്ഷ്മണനെയും
സ്ത്രീയുടെ പ്രതീകത്തില്‍ സീതയേയും
വെല്ലുന്ന ഈ മഹാദേവിയെ
എന്തെ ആരും പൂജിക്കാത്തത് ???