Monday, November 2, 2015








കറുത്ത മൃദുലമായ ചിറകുള്ള 
മൌനമെന്ന കിളി, 
എന്തിനെന്നെ കൊത്തികൊണ്ട് 
അതിരുകളില്ലാത്ത 
ആകാശ ചെരുവിലൂടെ 
പറക്കുന്നു ?? 
അവിടമാകെ ചിറകൊടിഞ്ഞ 
 നഷ്ട സ്വപ്നങ്ങളുടെ 
വിഹാരകേന്ദ്രമാണ് ..

എനിക്ക് വാക്കെന്ന കിളിയുടെ 
തടവറയിൽ 
സ്വതന്ത്രമായി വിഹരിക്കണം  ..

Saturday, October 31, 2015



പറയാത്ത വാക്കുകളുടെ 
പ്രണയത്തുടിപ്പിന്റെ ചുവപ്പ് പോലെ
കളകള മൊഴുകുന്ന അരുവിതൻ കരയിലെ 
ഇളം വെയിലേറ്റു കിടക്കുന്ന 
ഒരു നുറുങ്ങു സ്വപ്നതുണ്ട്‌ പോലെ ..
മഴ ഉപേക്ഷിച്ച് പോയ 
ഒരു കുഞ്ഞു തുള്ളിയിൽ വിരിയുന്ന 
മഴവിൽ നനവ്‌ പോലെ ..
ഞാൻ നട്ടു പിടിപ്പിക്കുന്ന 
സ്വപ്നചെടികളിൽ എല്ലാം 
പൂക്കുന്നത് നിന്റെ പ്രണയ പൂക്കളെന്നു 
എഴുതാത്ത കവിതയിലെ വാക്കുകൾ മൊഴിയുന്നു 
തൂലികയിലൂടോഴുകുന്ന കരളില്ന്റെ കാതലിനോട് ..

Monday, February 2, 2015

അസ്ഥികൾ പൂക്കുന്ന 
താഴ്വാരത്തിൽ 
ആത്മാക്കൾ  ചുംബിക്കുന്ന സെമിത്തേരിയിൽ,
നീ എന്നിൽ അലിയുന്ന യാമത്തിൽ, 
എല്ലാം കാണുന്ന കണ്ണുകൾക്കപ്പുറത്ത്
സൂര്യനെ വലം വെച്ചൊരു ഭൂമി കറങ്ങുന്നു ..

Thursday, January 29, 2015

പ്രണയാമൃതം ഊറ്റികുടിച്ച 
രക്തരക്ഷസ്സ്  
കറുത്ത സുന്ദരിയുടെ മേനിയിൽ 
അധരം കൊണ്ട് അലങ്കാരങ്ങൾ 
ചാർത്തുന്നു ..
ഭിക്ഷ തേടി മോക്ഷം നേടി 
ജന്മാന്തരങ്ങളായി അലയുന്നൊരു 
സമാധി 
ബോധിവൃക്ഷച്ചുവട്ടിൽ 
ശിവഗംഗയെ ആവാഹിച്ച് 
പുനർജനിക്കുന്നു ..


Thursday, December 13, 2012

നിനക്കായി വീണ്ടും ...









 












പ്രണയത്തിന്റെ അത്യുന്നതങ്ങളില്‍
കയറിനിന്നു നീ ശിവതാണ്ഡവമാടുന്നു

സതിയുടെ പുനര്‍ജന്മമായി പാര്‍വതി
അവതരിച്ചത്പോലെ എനിക്ക് ഇനി
നിനക്കായ് പുനര്‍ജനിക്കാന്‍ ആകുമോ

താതന്‍ ഒരുക്കിയ യാഗജ്വാലയില്‍
സതീദേവി എരിഞ്ഞടങ്ങിയെങ്കില്‍
ഞാന്‍ നിന്നിലെ പ്രണയാഗ്നിയില്‍
സ്വയം കത്തിയെരിഞ്ഞു ചാമ്പലായി

ഇനി ഒരു ഉയിര്‍ത്തെഴുന്നെല്‍പ്പ് വേണം
എന്റെ പുനര്‍ജ്ജനിക്കായ്‌ നീകാത്തിരിക്കുക
നിന്റെ വിരഹത്തിന്റെ ഓരോതുള്ളി കണ്ണീരും
എന്റെനെഞ്ചില്‍ പ്രണയത്തിന്റെ ചുവന്ന
രുദ്രാക്ഷമണികള്‍ ആയി ഉതിര്‍ന്നുനിറയട്ടെ

എന്റെ ഹൃദയത്തില്‍ പുകയുന്ന നീറ്റലുകളുടെ
എരിയുന്ന തീയില്‍ നിന്റെ പ്രണയത്തിന്റെ
ആലിപഴങ്ങള്‍ പുഴയായ് ഉതിര്‍ന്നോഴുകട്ടെ

നമ്മുടെ ഇടംവലം കൈകള്‍കൂട്ടി കുമ്പിളാക്കി
നമുക്ക് മാത്രമായി ഉതിര്‍ക്കുന്ന മണമുള്ള
ആലിപഴങ്ങള്‍ പെറുക്കാന്‍ നമുക്ക് കാത്തിരിക്കാം !

Tuesday, July 31, 2012

സരയു നദി കരയാറില്ലാ..






















സരയു നദിയുടെ ഓളങ്ങള്‍ അന്ന്
ആഹ്ലാദ നൃത്തം ചെയ്തു ..
അന്തപുരത്തില്‍ രണ്ടു സുന്ദരി പട്ടമഹര്‍ഷികള്‍
പരിണയം കഴിഞ്ഞെത്തി  ..
പട്ടാഭിഷേകത്തിനായി 
കോസല രാജകുമാരന്‍ ഒരുങ്ങുന്നു
ഭര്‍തൃസഹോദരന്  ഉപഹാരം മെനയുന്ന
തിരക്കിലായിരുന്നു അവള്‍ ..
ചായ കൂട്ടുകള്‍ കൊണ്ടൊരു ലോകം ..
പെട്ടന്നു  പിന്നില്‍  വക്കുകള്‍ പൊട്ടിയ 
പ്രിയന്റെ വാക്കുകള്‍ ..
നിറങ്ങള്‍ അവളുടെ ചിത്രങ്ങളില്‍ 
വീണു പൊട്ടിക്കരഞ്ഞു  ..
അവളുടെ മനസ്സ് ശൂന്യമായി ...

ഭര്‍തൃ സഹോദരന്റെ രക്ഷക്കായി
കാട്ടില്‍ പോകുന്ന രാജകുമാരന്റെ
മൊഴികളെ  മൂകയായി നിന്നവള്‍ 
അമൃത് ആയി കുടിച്ചു  ..
'പ്രിയന്റെ കൂടെ ഞാനും'
എന്ന് സീത ശഠിച്ചപ്പോള്‍ 
പ്രിയപെട്ടവന്‍ ഇല്ലാത്ത 
പ്രിയന്റെ ലോകത്തെ
വിളക്കായവള്‍ ജ്വലിച്ചു
 
അന്തപുരം വിട്ടകന്നു
പോയവരുടെ പിന്നാലെ
അവളുടെ കണ്ണുകളും
കുറെ ദൂരം പാഞ്ഞു
മനസ്സിന്റെ മണിയറയെ
കാവികൊണ്ട് മൂടി പുതപ്പിച്ചു
കൊട്ടാരത്തിലെ മറ്റൊരു
സുന്ദരി ശില്പമായി മാറിയവള്‍

കതിരോന്റെ  കുടകീഴില്‍ 
മാതാപിതാക്കളെ പൂജിച്ചും
ഭൂമി ഉറങ്ങുമ്പോള്‍  പ്രിയതമന്റെ
മണത്തെ മൌനമായി കുടിച്ചും  
അവളുടെ കണ്ണുകള്‍
മറ്റൊരു സരയുയായി ഒഴുകി ..
വിരഹത്തിന്റെ നെടുവീര്‍പ്പുകള്‍
സരയുവിലെ ഓളങ്ങളില്‍
വിങ്ങിപൊട്ടി ..

'അയോധ്യയുടെ അലങ്കാരം'
വാല്ത്മീകിയുടെ വിശേഷണം
മഹര്‍ഷി   ഒരുപക്ഷെ ഈ ദേവിയെ
കുറിച്ചെഴുതാന്‍ തുടങ്ങിയാല്‍
മറ്റൊരു ഇതിഹാസ കാവ്യം
ആകുമോന്ന് കരുതിയോ  !!
ത്യാഗത്തില്‍ ശ്രീരാമനെയും
കഠിനവ്രതത്തില്‍  ലക്ഷ്മണനെയും
സ്ത്രീയുടെ പ്രതീകത്തില്‍ സീതയേയും
വെല്ലുന്ന ഈ മഹാദേവിയെ
എന്തെ ആരും പൂജിക്കാത്തത് ???

Saturday, June 16, 2012

ഭൂമിയിലെ മാലാഖമാര്‍


























ദൂരെ ദൂരെ കണ്ണെത്താ
ദൂരത്തു ഗോതമ്പ് പാടങ്ങള്‍
വറ്റി വരണ്ടു വിണ്ടു കിടക്കുന്നു.....
ഒരു മഴക്കായി അവര്‍ കേഴുന്നുണ്ടോ ??
ഇല്ലാ 
ഋതുക്കള്‍ ഓരോന്നായി വന്നു
ഭൂമിയെ തഴുകി തലോടി പോകുന്നത്
അറിയാതെ
ഭൂമിയിലെ വേറൊരു ലോകത്ത്
വിശ്രമമില്ലാത്ത ദിന രാത്രങ്ങള്‍
ചിരിക്കാന്‍ മറന്നു പോയ മുഖങ്ങള്‍
സ്വപ്നങ്ങള്‍ ഉണങ്ങിയ കണ്ണുകള്‍
സൂര്യന്റെ ചൂടിന്റെ തീഷ്ണതയും
ചന്ദ്രന്റെ നിലാവിന്റെ ഭംഗിയും
കണ്ണ് ചിമ്മി മാടി വിളിക്കുന്ന
നക്ഷത്രങ്ങളെയും
അവര്‍ അറിയുന്നില്ലാ  ....
പ്രണയത്തിന്റെ മാധുര്യവും
വിരഹത്തിന്റെ കണ്ണീരും
അവര്‍ക്ക് ഒരുപോലെ ആകുമോ ???
ജൂണ്‍ മാസത്തിലെ വിണ്ടു കീറിയ
ഹരിയാന പാടങ്ങളെ പോലെ
വിണ്ടു കീറിയ കാല്‍ പാദങ്ങളും
മനസ്സിന്റെ ഉള്ളില്‍ കസ്തുരിയെക്കള്‍
സുഗന്ധം കാത്തു സൂക്ഷിക്കുന്ന .
എരുമകളുടെ സന്തത സഹചാരിയായി
ഗോതമ്പ് പാടങ്ങളില്‍ അന്നതിന്റെ
ബീജങ്ങള്‍ വിളയിപ്പിക്കുന്ന
രാത്രിയും പകലും ഒരുപോലെ
ജ്വലിച്ചു നില്‍ക്കുന്ന വീടിന്റെ
സൂര്യനായി മാറിയ
ഹരിയാനവി പെണ്ണുങ്ങളെ ........
നിങ്ങളുടെതാണ് സ്വര്‍ഗരാജ്യം
നിങ്ങള്‍ക്കായി ദൈവം സ്വര്‍ഗ്ഗരാജ്യം
അണിയിച്ചു ഒരുക്കിയിരിക്കുന്നു ...

Friday, May 4, 2012

കാളിന്ദി..

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
അവളുടെ  മുഖം അവള്‍ക്കു  തന്നെ അന്യമായിപോകുന്നു   ..
എവിടെ ഒക്കെയോ അവളില്‍ അവന്‍  നിറഞ്ഞു നിന്നിരുന്നു ..
ഇന്ന് അവനുവേണ്ടിയുള്ള  അവളുടെ കണ്ണിലെ 
അവസാനത്തെ സ്നേഹ കടലും വറ്റി വരണ്ടു..
ഇനി അതില്‍ തിരകള്‍ ഇല്ലാ ..
കരയെ പുണരാന്‍ വെമ്പി
ആര്‍ത്തു അലച്ചു മദിച്ച് വരുന്ന തിരകളേ ..
നിങ്ങള്ക്ക് ഇനി തിരിച്ചു പോയി 
അനന്തമായ  ആകാശത്തെ പുണരാം ..
സിരകളിലൂടെ കറുത്ത രക്തം ഓടുന്നു ..
ഹൃദയത്തിന്റെ  കവാടത്തില്‍  ഇതേവരെ
അവളുടെ  ഇഷ്ടവര്‍ണ്ണമായ  ചുവപ്പിനു പകരം
കറുത്ത വര്‍ണ്ണങ്ങള്‍ പടരുന്നു ..
കണ്ണ് പൂട്ടിയാലും കണ്ണ്  തുറന്നാലും 
നീചശക്തികളുടെ  ഉച്ചത്തിലുള്ള അട്ടഹാസം മാത്രം .
ഒരു പെണ്ണിന്റെ ദീനമായ രോദനം ..
അവള്‍ക്കു ആരെയും കേള്‍പ്പിക്കാന്‍ കഴിയുന്നില്ലാ
അവള്‍ എവിടേക്ക് പോകും ..
ദൂരെ ഒരുപാട് നക്ഷത്രങ്ങള്‍ അവളെ
മാടി മാടി വിളിക്കുന്നു ..
ഒരു നക്ഷത്രത്തിലും അവള്‍ക്കു   
തിളക്കം കാണുന്നില്ലാ ..

Monday, February 6, 2012

ആഴിയുടെ മുത്ത്‌ ..


















കടലിലെ തിരമാലകളെ മെയ്യോടു വാരിച്ചുറ്റി
അവള്‍ തീരത്തെ നോക്കി പൊട്ടി ചിരിച്ചു  ..
പിന്നെ കടലിനോട്‌ ഒരുപാട്  പരിഭവം പറയുന്നു ..
ഇന്ന് ഒരു രാത്രി  ഞാന്‍ നിന്നില്‍  റാണിയായി വാണോട്ടെ..
പകരം നിനക്കായി ഞാന്‍ എന്റെ സൂര്യനെ തീരെഴുതാം ..
നിന്റെ ആഴങ്ങളില്‍ ഞാനൊന്നു  ഊളിയിട്ടു
അനന്തന്റെ തോഴിയായി മാറിക്കോട്ടെ ..
അവളുടെ മാറിലെ ചൂടറിയാനായി.
തിരമാലകള്‍ ആര്‍ത്തു ഇരമ്പി പാഞ്ഞു വന്നു
തീരത്തെ മറന്നു പോയി .
തിരയും തീരവും മാറി മാറി
അവളുടെ പട്ടുറുമാലില്‍ അള്ളിപിടിക്കുന്നു..
ചുവന്ന കണ്ണുകള്‍ കാണിച്ചു പേടിപ്പിച്ചു 
വാനിലെ പകലിന്റെ കാവല്‍ക്കാരന്‍ ..
തീരത്തെ ഒരുപാട് ചുവന്ന കണ്ണുകള്‍
അവളുടെ മേനിയെ നക്കി തുടക്കുന്നു
ഇടിമുഴക്കമില്ലാത്ത ഒരുപാട് മിന്നലുകള്‍
അവളുടെ മേനിയില്‍ മിന്നിമറഞ്ഞു പോയി ..
നിലക്കടല കൊറ്ത്ത് കൊണ് ഒരു വീരന്‍
പഞ്ചാര മണല് കൊണ്ട് അവളെ അഭിഷേകം ചെയ്യുന്നു  ..
അപ്പോഴും അവളുടെ കണ്ണുകള്‍ കടലിനോടു കെഞ്ചുന്നു
ഇന്ന് മാത്രം നീ എന്റെ കൂടെ വാ ..
നിന്നിലെ തിരമാലകളെ ഇന്നെനിക്കു കടം താ ..
പെട്ടന്ന് അവളുടെ കണ്ണുകള്‍  വാനിലേക്ക് ഉയര്‍ന്നു ..
വാനിലെ തീ ഗോളം  അവളിലേക്ക്‌ അടുക്കുന്നു
ചക്രവാളം പോലെ അവളും ആകെ ചുവന്നു തുടുത്തു
ആഴിയിലെ ആഴങ്ങളിലേക്ക് തിരമാലകളില്‍ ചാഞ്ചാടി 

 അനന്തന്റെ തോഴിയായി അവളും പോയി ..
ചുവന്നു തുടുത്ത ആകാശം അവള്‍ക്കായി  നക്ഷത്രവിളക്കുകള്‍ തെളിയിച്ചു
വാര്‍തിങ്കള്‍ അവള്‍‍ക്കായി നിലാവിന്റെ പട്ടുമെത്ത വിരിച്ചു
തിരമാലകള്‍ അവള്‍‍ക്ക്  നേര്‍ത്ത സംഗീതമാലപിച്ചു  ..
പ്രകൃതി അവള്‍ക്കായി വെഞ്ചാമരം വീശി ..

അപ്പോഴും അവളുടെ മുടിയിലെ  മുല്ലപ്പൂ ഗന്ധം
ആ തീരത്ത് അലഞ്ഞു നടന്നു ...

Saturday, January 7, 2012

വെളുത്ത പല്ലികള്‍

മരങ്ങളെ വേദനിപ്പിക്കുന്ന കാറ്റില്‍
മദിച്ച് പെയ്യാന്‍ വെമ്പിയ മഴ നാടുവിട്ടു
കവുങ്ങിന്‍ തലപ്പുകള്‍ മുട്ടി ഉരുമ്മി
നനയാത്ത ചുംബനങ്ങള്‍ കൈമാറി
അകത്തലച്ചു കയറിയ ഈറന്‍ കാറ്റ്
മുത്തശിയുടെ നാമജപം കൊണ്ടുപോയി
സുന്ദരിപൂവിന്റെ തളിരിതളുകള്‍
കരഞ്ഞു കരഞ്ഞു  മണ്ണലിഞ്ഞു
പാതാളത്തിലെ ആണ്‍ചീവീടുകള്‍
ഭൂമിപ്പുറത്തെത്തിനോക്കി മഴയെക്കാണാതെ
സംഘവിലാപം തുടങ്ങി
പാതിയായ കിളിവീടുപേക്ഷിച്ചു
അന്നം കിട്ടാതെ മരംകൊത്തി പിണങ്ങിപ്പോയി
അടുക്കളയിലെക്കെത്തി നോക്കിയിരുന്ന
കാക്കകള്‍ അമര്‍ഷത്തോടെ കൂടണഞ്ഞു
ചേവലിടാന്‍ ഒറ്റക്കാലില്‍ നൃത്തം ചെയ്ത പൂവങ്കോഴി
മാനത്തേക്ക് തല വളച്ചുയര്‍ത്തി
കുക്കുടരാഗത്തില്‍ പ്രതിഷേധമറിയിച്ചു
പുതുമണ്ണിന്റെ മദഗന്ധം നുകരാന്‍
മേക്കാച്ചിതവളകള്‍ ആനന്ദ നൃത്തമാടി
അമ്മിക്കല്ലില്‍ അലസഗമനം നടത്തിയിരുന്ന
ഒറ്റക്കാലന്‍ഒച്ചുകള്‍ തല ഉള്‍വലിച്ചു അപകര്‍ഷരായി
മണ്ണപ്പം ചുട്ടുകൊണ്ടിരുന്ന ഞാഞ്ഞൂലുകള്‍
ഭൂമിയുടെ വാതിലടച്ച് ഉറക്കത്തിലാണ്ടു
കുപ്പായമുരിഞ്ഞുകൊണ്ടിരുന്ന കറുമ്പന്‍ മൂര്‍ഖന്‍
വേദനക്കിടയിലും ആകാശത്തോട് പുഞ്ചിരിച്ചു
കാറ്റ്.....അത് അഷ്ടദിക്കുകളും നിറഞ്ഞാടുകയാണ്
തുലാവര്‍ഷപ്പകര്ച്ചയില്‍ ഇങ്ങനെയാണത്രേ
പക്ഷെ അവള്‍ക്കു അതൊരു സംഗീതമായിരുന്നു
അതിമാരുതരാഗം..[അങ്ങനെയൊന്നുണ്ടോ...?]
ഉത്തരത്തില്‍ രണ്ടു വെളുത്ത പല്ലികള്‍
പോരിനൊരുങ്ങി   മുഖാമുഖം നില്‍ക്കുന്നു
പൊടുന്നനെ അവളുടെ കണ്ണുകള്‍ കാളിന്ദിയായി
അറ്റ് വീഴത്തപ്പെട്ട് പിടക്കുന്ന ഒരു വാല്‍
ഏതു നിമിഷവും അവളുടെ കണ്ണിലലിയുമെന്ന് 
ഇമയനക്കങ്ങളില്ലാതെ ധ്യാനത്തിലെന്നപോല്‍
അവളും,വാലുകള്‍ ഇളക്കി വെളുത്തപല്ലികളും
ഇതൊരു യുദ്ധ പ്രഖ്യാപനമല്ലെന്നും
സുരതാനുരാഗത്തിന്റെ ആദ്യ സന്ദേശങ്ങളാണെന്നും
തിരിച്ചറിയുമ്പോഴേക്കും വെളുത്ത പല്ലികള്‍
അവളുടെ നനുത്ത ചുവന്ന കൈവെള്ളയില്‍
അധരസുരതം തുടങ്ങിയിരുന്നു
കൈവെള്ളയില്‍ നിന്നു പനിചൂട് ഉടല്‍ നിറഞ്ഞു
പിന്നെയൊരു തേരോട്ടമായിരുന്നു
ഇപ്പോള്‍ തേരിനു മുന്നിലെ കുതിര അവളാണ്
പുറത്തു കാറ്റ് വധിച്ച മരങ്ങളുടെ അന്ത്യവിലാപങ്ങള്‍
നാടുവിട്ടുപോയ കരിമേഖങ്ങള്‍ ഉള്ഭയത്തോടെ
തിരികെ വന്നിട്ടുണ്ടാകണം
മഴപ്പാറ്റകളുടെ വെളിച്ചപ്രയാണങ്ങള്‍
ആണ്‍ പല്ലിയുടെ അധിനിവേശം
ഇരയാക്കപ്പെട്ടവളുടെ ചെറുത്തുനില്‍പ്പ്
ഇപ്പോള്‍ ഒരിലയില്‍ , അരയാലിലയില്‍
പൊങ്ങിപ്പറന്ന് കരിമേഘങ്ങള്‍ക്കിടയിലൂടെ
അങ്ങനെ പറന്നു അവള്‍ ..പക്ഷെ എവിടെ അവര്‍
എന്നേ പ്രലോഭനത്തിന്റെ മല കയറ്റിയ
വെളുത്ത പല്ലികള്‍ ..? 

Friday, November 11, 2011

മനസ്സ് .....





















അന്ത:പുരത്തിന്റെ വാതായനങ്ങള്‍
പതുക്കെ ഒന്ന് തട്ടി നോക്കി അവള്‍...
ഇളം കാറ്റ് വന്നു തലോടിയ പോലെ
തനിയെ തുറക്കുന്നു വാതിലിന്‍ പാളികള്‍  ....
അനുവാദമില്ലാതെ കണ്ണും പൂട്ടി
അകത്തേക്ക് അവള്‍ ഒഴുകിപോയി ...
ഓടകുഴല്‍  നാദം പോലൊരു .
സംഗീതം  കേട്ട്‌ അവള്‍ രാധയായി മാറി ...
അവള്‍ക്കു മാത്രം കേള്‍ക്കുന്ന ആ സംഗീതത്തിനു
അവളുടെ ചിലങ്കകള്‍ മന്ത്രിക്കുന്നു ...
അലൈ പാടുവെന്‍...... കണ്ണാ.....
നീ എന്‍ അലൈ പാടുവെന്‍ ...

അവളുടെ കണ്ണനെ തേടിയ കണ്ണുകള്‍
അവിടൊരു മാന്ത്രിക പേടകം കണ്ടു ...
അവളുടെ വിരലുകള്‍ അറിയാതെ
ആ പേടകമോന്നു തലോടി തഴുകി പോയി ...
അവള്‍ ആ സംഗീതം പിന്നെയും
ആ പേടകത്തില്‍  നിന്നും കേട്ടു...
ആ ചെപ്പിന്റെ പാളികള്‍ മെല്ലെ നീക്കി
അവള്‍ കണ്ടതോ ....
കണ്ണന്റെ  മാത്രമാം  ചുവന്ന പളുങ്ക് മണികള്‍
പോലെ ഉള്ള  മഞ്ചാടികുരുകളും.....
കറുത്ത തലപ്പാവ് അണിഞ്ഞ കുഞ്ഞി കുരുകളും  ...
രണ്ടു കൈകളും കൊണ്ട് അവ കോരി എടുത്തപ്പോള്‍
അവളുടെ കുപ്പിവളകള്‍ പൊട്ടിച്ചിരിച്ചു പോയി ..
കണ്ണന്റെ ലീലാവിലാസങ്ങള്‍ ഓര്‍ത്തപ്പോള്‍
അവളുടെ ചുണ്ടിലും പാല്‍ പുഞ്ചിരി ...

കുപ്പിവളകള്‍ ചിരിച്ചുല്ലസിച്ചപ്പോള്‍
പെട്ടന്ന് പലതും  പൊട്ടിപോയി ..
പഞ്ചവര്‍ണ്ണ കുപ്പിവളകള്‍ക്കിടയില്‍.....
അവളുടെ കൈയില്‍  രക്ത വര്‍ണ്ണം...
അവ താഴെ നിലത്തു  ഇറ്റിറ്റു വീണു ....
പ്രണയത്തിന്‍ വര്‍ണ്ണങ്ങള്‍ ....
മനസ്സിന്റെ വര്‍ണ്ണങ്ങള്‍      


കുപ്പിവള  പൊട്ടുകള്‍ പെറുക്കി എടുത്തവള്‍
കൈയിലെ മുറിവുമായി നടന്നകുന്നു ...
അവളുടെ ചിലങ്കകള്‍
എന്തെ നിശബ്ദമായി തേങ്ങിയോ ?? 
കണ്ണന്റെ പളുങ്ക് മണികള്‍
വീണ്ടും ചെപ്പിന്നുള്ളില്‍  ഒളിച്ചു പോയി..
അന്ത:പുരതിന്‍ വാതായനങ്ങള്‍
അവളുടെ നിശ്വാസത്തില്‍ അടഞ്ഞു പോയി ..
ഇനിയും വരും അവള്‍ ...
അവളുടെ കണ്ണന്റെ  സംഗീതത്തിനായി ...
പളുങ്ക് മണികളെ താലോലിക്കാന്‍ ആയി ...
അവളുടെ മനസ്സിന്റെ അന്ത:പുരം അങ്ങിനെ
വീണ്ടും തുറക്കാനായി  അടഞ്ഞു പോയി ...

Tuesday, October 11, 2011

ഒരു ഇഷ്ടം ....



















 
 
ഒരു ഇഷ്ടം ....
ആരോടും പറയാന്‍ ഇഷ്ടമില്ലാത്ത ഒരു ഇഷ്ടം ..
എന്റെ മാത്രമായ ഇഷ്ടം ...
 
കസ്തുരിയുടെ ഗന്ധം  പോലെ ......
മത്ത് പിടിപ്പിക്കുന്ന ഒരു ഇഷ്ടം ..
കാണാന്‍ കഴിയില്ലാ ..
കേള്‍ക്കാന്‍ കഴിയില്ലാ ..
തൊട്ടു നോക്കാന്‍ കഴിയില്ലാ ...
രാത്രികാലങ്ങളില്‍ ഗന്ധര്‍വന്‍ ആയി  വന്നു
എന്റെ സ്വപ്നങ്ങളില്‍  അഭിഷേകം ചെയുന്നു ..
പകലുകളില്‍ ഒരു ഇളം തെന്നല്‍ ആയി ...
എന്റെ ചുറ്റം വട്ടം കറങ്ങുന്നു ...
പലപ്പോഴും ഹൃദയ മന്ത്രങ്ങള്‍ അശരീരികള്‍ ആയി...
ചെവികളില്‍ മന്ത്രിച്ചു കൊണ്ടിരിക്കുന്നു ...

നമുക്ക് പറക്കാം ..
ഒരു ഒരു പാട് ദൂരേക്ക്‌ ....
നക്ഷ്ടത്രങ്ങളെ കൈയെത്തി പിടിക്കാം ...
നിലാവിനെ സ്വന്തമാക്കാം ..
നിലാവിന്റെ പാല്‍ കിണ്ണത്തില്‍
നമുക്ക് മറ്റൊരു മഴവില്ല് തീര്‍ക്കാം ...
ആകാശത്തെ കോള്‍മയിര്‍ കൊള്ളിച്ചു കൊണ്ട്
വീണ്ടും കതിരോന്റെ വരവ് ആയി .....
ഞാനും എന്റെ ഇഷ്ടത്തെ മുറുകെ പുണര്‍ന്നു കൊണ്ട്
ഒരായിരം വര്‍ണങ്ങളുള്ള മഴവില്ല് തീര്‍ത്ത ആലസ്യത്തില്‍ മയങ്ങുന്നു ........

Tuesday, August 30, 2011




















എങ്ങു നിന്നോ പറന്നു വന്ന ഒരു ചിത്ര ശലഭം ....
എന്റെ വിരല്‍ തുമ്പില്‍ നിന്നും വിട്ടു പറന്നു പോകുന്നില്ലാ ...
നീ എന്തിനു എന്റെ വിരല്‍ തുമ്പില്‍ പിടിച്ചു ആടുന്നു ??
നിനക്ക് നിറങ്ങളും മണങ്ങളും മധുവും ഉള്ള ലോകത്തേക്ക് പറന്നു പോയികൂടെ ??
നിന്റെ ലോകം അതല്ലേ ??
എന്നും ഒരുപാട് എന്നോട് പിണങ്ങും ...
ഞാന്‍ വിചാരിക്കും പാവം ഇനി എന്റെ വിരല്‍ തുമ്പില്‍ ആടാന്‍ വരില്ലാ എന്ന് ..
പിന്നെയും കുറച്ചു കഴിഞ്ഞാല്‍ ഇതാ വരുന്നു തലയും കുനിച്ചു ..
ഒരു ചെറു മന്ദസ്മിതവുമായി ....
ഇപ്പോള്‍ ഉറങ്ങുന്നതും ഉണരുന്നതും എന്റെ കൈകുമ്പിളില്‍ ...
ഇണക്കങ്ങളെക്കാള്‍ അധികം പിണക്കം ..
ആ പിണക്കം കഴിഞ്ഞാല്‍ ഒരുപാട് ഒരുപാട് ഇഷ്ടം ...
ഇനി ഈ ചിത്ര ശലഭത്തെ  ഞാന്‍ എന്ത് ചെയ്യും ???
എന്റെ കൈകുമ്പിളില്‍ ഒതുക്കാം  അല്ലേ !!!!!!!

Friday, July 29, 2011

അപൂര്‍ണ്ണമായ ചായങ്ങളും ചിത്രങ്ങളും ......
























ചുമപ്പും പച്ചയും നീലയും മഞ്ഞയും ....
കുറെ നിറമുള്ള ചായങ്ങള്‍  .....
നിറങ്ങള്‍ കൊണ്ടൊരു ലോകം ...
നിറങ്ങളുടെയും പെന്‍സില്‍ തുമ്പിന്റെയും
ഇടയില്‍ പറയാതെ പറയുന്ന കുറെ നിറമുള്ള സ്വപ്‌നങ്ങള്‍ ....
ആ പറയാതെ പറയുന്ന സ്വപ്നങ്ങളില്‍ 
കണ്ണും നട്ടു ഞാന്‍ നോക്കിയിരിക്കയാണ് ..
എനിക്കൊന്നും മനസ്സിലാകുന്നില്ലാ
എന്നെങ്കിലും ഈ നിറങ്ങള്‍ക്ക് ഒരു രൂപം ഉണ്ടാകുമോ ??
ആ രൂപത്തിന് നിറങ്ങള്‍ കൊണ്ടൊരു ജീവന്‍ ഉണ്ടാകുമോ ??
അതോ ജലകണങ്ങളില്‍ ‌  അറിയാതെ വീണുപോയ  മഴവില്ല് പോലെ 
അര്‍ത്ഥമില്ലാത്ത അപൂര്‍ണമായ വരകളായി മാറുമോ ?????
 

Sunday, June 26, 2011

മോഹപക്ഷികള്‍ ...


മനസ്സ് ഒരുപാട് വിങ്ങുന്നു ....
വാക്കുകള്‍ കിട്ടുന്നില്ലാ ഒന്നും പറയാന്‍ ...
നീ അവിടെ ഞാന്‍ ഇവിടെ ...
നിന്നിലേക്ക്‌ എത്തി പെടാന്‍ എനിക്ക് കഴിയുന്നില്ലാ ..
ഒരു കടലോളം ദൂരം നമുക്കിടയില്‍ ഉണ്ടെന്നു തോനുന്നു.....

ഒരുപാട് പ്രതീക്ഷിച്ചു നീ എന്നില്‍ വന്നു ...
വേനലിലെ പെരുമഴ പോലെ ഞാന്‍ നിന്നിലെ മനസ്സിന് കുളിരേകും എന്ന് നീ വിചാരിച്ചു ...
പുതുമണ്ണിന്റെ ഗന്ധം നിന്നില്‍ ലഹരി ഉണ്ടാക്കുമെന്ന് എനിക്കുമറിയാം .....
വേനലില്‍ കത്തി അമര്‍ന്നുപോയ ആ മണ്ണിനെ കുളിര്‍മയേകാന്‍ വെറും ഒരു വേനല്‍ മഴക്കാകുമോ ??
പുതുമണ്ണിന്റെ ഗന്ധം പോലെ അത് വെറും ക്ഷണികാമാവില്ലേ??
നിശാഗന്ധി പൂക്കള്‍ പോലും വിടരാന്‍ മടിക്കുന്ന രാത്രികളില്‍ ......
മനസ്സും ശരീരവും ഒരുപോലെ ചുട്ടു പൊള്ളുന്ന പകലുകളില്‍ ....... 
നക്ഷത്രങ്ങള്‍ക്കും നിലാവിനും ഭംഗിയില്ലാത്ത ഒരു ലോകത്ത്
നീ എന്റെ വരവും നോക്കിയിരിക്കുന്നു ....
അപൂര്‍ണമായ നിന്റെ ചിത്രങ്ങളില്‍ ഒരു ചിത്രം എന്റെതും കൂടി ആകുമോ ???


ഇല്ല്യാ അങ്ങനെ ഉണ്ടാകില്ല്യാ ....ഞാന്‍ വരും ...
ഞാന്‍ വരും നിന്റെ അരുകില്‍ ...
ഇടിയും മിന്നലും കാറ്റും ഒന്നും ഇല്ലാതെ ...
ആരും അറിയാതെ രാത്രിമഴ യായി ...
തിമര്‍ത്തു പെയ്യുന്ന രാത്രി മഴ യായി ...
നക്ഷത്രങ്ങള്‍ക്ക് പകരം ഞാന്‍ മിന്നാ മിന്നിന്റെ കൂടെ വന്നു
നിന്റെ ജാലകത്തില്‍ കൂടെ നിന്നരുകില്‍ എത്തും ...
ഭൂമിയെ കോരി തരിപ്പിക്കുന്ന  രാത്രി മഴകളെ പോലെ ...
ജനാലക്കരികിലൂടെ വന്ന രാത്രി മഴയുടെ പഞ്ചാര മണി മുത്തുകള്‍
എന്റെ കവിളില്‍ നിന്നും നീ ഒപ്പിയെടുക്കും ....
എന്റെ കൂടെ വന്ന മിന്നാ മിന്നുകള്‍ എവിടെ പോയി ???
നക്ഷത്രങ്ങളില്‍ പോയി മറഞ്ഞുവോ ?
നിന്റെ രാജകുമാരന്‍ അല്ലാ  ഞാന്‍ ...എന്നിട്ടും നീ എന്നെ ഇഷ്ടപെടുന്നുണ്ടോ ??
എന്ന് നീ എന്റെ ചെവികളില്‍ മന്ത്രിച്ചുവോ ?
ദൂരെ കാര്‍മേഘങ്ങള്‍ ക്കിടയിലെ ച്നദ്രനും നിന്റെ ചോദ്യം കേട്ടുവോ ?
നിനക്കറിയില്ല കൊരങ്ങാ നീ ആണ് എന്റെ രാജകുമാരന്‍ എന്ന് ...
കസ്തുരിമാനെ പോലെ നീ അലയുകയാണ് എന്റെ രാജകുമാരനെ തേടി ..


ആകാശത്തിന്റെ ഭൂമിയോടുള്ള പ്രണയമാണ് മഴത്തുള്ളികള്‍ ‍ ആയി താഴേക്ക്‌ പ്രവഹിക്കുന്നത് ‍ എന്ന് പറയുന്നു ...
ഭൂമിയെ കോരിത്തരിപ്പിക്കുന്ന ‍ രാത്രിമഴകള്‍......
അങ്ങിനെയുള്ള രാത്രിമഴകളില്‍ ‍ ഞാനും എന്റെ പ്രണയം നിന്നെ അറിയിക്കട്ടെ ...
മിന്നാമിന്നികള്‍ ആയി ....നക്ഷത്രങ്ങള്‍ ആയി ...നിലാവായി ....
രാത്രിമഴയുടെ കൂടെ വിരുന്നു വന്ന നിലാവായി ......
ഞാനും ‍ നിന്നില്‍ അലിയട്ടെ .........

Friday, May 20, 2011







































സ്വപ്നലോകത്തില്‍ കൂടി ഒഴുകുകയാണ് ഞാന്‍ .....
അവിടെ പൂക്കളും ശലഭവും ചന്ദ്രനും നക്ഷത്രങ്ങളും ...
ഭൂമിയും ആകാശവും കടലും പുഴയും എല്ലാം ഉണ്ട് ...
അവക്കെല്ലാം പുതിയ രൂപങ്ങള്‍ ഭാവങ്ങള്‍ ....
ഭൂമിയില്‍ പതിക്കുന്ന ചന്ദ്രന്റെ നിലാവിന്
മഴവില്ലിന്റെ നിറങ്ങള്‍ ....
നക്ഷത്രങ്ങള്‍ക്ക് ഉദയസൂര്യന്റെ തിളക്കം ...
കടലില്‍ ഊര്‍ന്നു പോകുന്ന അസ്തമയ സൂര്യന് ..
ചെഞ്ചായം പൂശി നില്‍ക്കുന്ന ആകാശത്തിനോട്
പതിവില്ലാത്ത ഒരു പ്രണയം പോലെ പോകാന്‍
മടിച്ചു നില്‍ക്കുന്നു .....

ഈ സ്വപ്ന ലോകത്തില്‍ അവന്റെ ശബ്ദം
എന്റെ കാതുകളില്‍ മന്ത്രിക്കുന്നു ....
എടി പൊട്ടി പെണ്ണെ നിനക്കെന്താ എന്നെ ഒന്ന് സ്നേഹിചൂടെ ??
അവന്റെ ജീവന്റെ രൂപവും താളവും
ഇപ്പോള്‍ ഞാന്‍ ആണെന്ന പോലെ ....
അവന്റെ കണ്ണില്‍ എന്നെ നോക്കി ഞാനും പറഞ്ഞു
എനിക്ക് നിന്നെ ഒട്ടും ഇഷ്ടമല്ലാ ,,,,
എന്റെ ഇഷ്ടമില്ലായ്മയുടെ ഇഷ്ടത്തില്‍ 
സൂര്യന്‍ കുറച്ചു കൂടി ചായങ്ങള്‍
 ആകാശത്തിന്റെ കവിളിണയില്‍ 
ചാലിച്ചുവോ ?????

ഈ സൂര്യന്‍ ഇന്ന് അസ്തമിക്കാതിരുന്നെങ്കില്‍ ..
ആകാശത്തിന്റെ കവിളിണയെ ചുവപ്പിച്ചു
കൊഞ്ചിച്ചും സ്നേഹിച്ചും അങ്ങിനെ അങ്ങിനെ ..
വെറുതെ മോഹിച്ചു പോകുന്നു ഞാനും ....












Wednesday, April 27, 2011

ദളം ....

 
 
ഡിസംബറിലെ ഏതോ ഒരു മൂവന്തി നേരത്ത് പറഞ്ഞാല്‍ തീരാത്ത കഥകളുമായി ...
എങ്ങിനെയോ നീ എന്റെ മുന്നില്‍ വന്നണഞ്ഞു ....
ഒരു കൊച്ചു കുട്ടി കഥ കേള്‍ക്കുന്ന പോലെ ഞാനും ആ കഥകള്‍ കേട്ടിരുന്നു ...
ഇടയില്‍ എപ്പോഴോ മുറിഞ്ഞു പൊയീ കഥകള്‍ ....
ഞാനും നിന്നില്‍ നിന്നകന്നു പോയി ...
മുറിഞ്ഞു പോയ കഥകള്‍ പൂരിപ്പിക്കാനായി പുതുവര്‍ഷ ‍ പുലരിയില്‍ വീണ്ടും നീ വന്നു ...
നിന്റെ കഥകള്‍ പിന്നെ കവിതകളും പാട്ടുകളുമായി എന്നില്‍ പകര്‍ന്നു തന്നു ...
നിന്റെ ലോകത്തിന്റെ പടിപ്പുരയിലേക്ക്‌ നീ എന്നെ കൊണ്ട് പോയി ...
പടിപ്പുരയില്‍ എത്തിയപ്പോഴാണ് അറിയുന്നത് ആ നാലുകെട്ടിന്റെ നടുമുറ്റത്തേക്ക് എത്താന്‍ ഇനിയും ഒരുപാട് ദൂരം ....
ആ നാലുകെട്ടിന്റെ മുറ്റത്തെ കല്ലും ചരലും ചവുട്ടി വേണം നടുമുറ്റത്തെ താമര കുളത്തില്‍ എത്താന്‍ ....
ഞാന്‍ ആ പടിപ്പുര കടന്നു മുന്നോട്ടു പോകണോ വേണ്ടയോ ഒരുപാട് ആലോചിച്ചു ...
അവസാനം നീ തന്നെ എന്റെ കൈ പിടിച്ചു കല്ലും ചരലും ചവുട്ടി നിന്റെ ലോകത്തേക്ക് കൊണ്ട് പോയി ...
നിന്റെ ലോകത്തിലെ നടുമുറ്റത്തെ താമരപൂക്കളില്‍ ഒരു താമരപൂവായി ഞാന്‍ പിന്നെയും വിടരാന്‍ മടിച്ചു ...
വിടരാന്‍ മടിച്ച നിന്ന എന്നെ കണ്ടു നീ മറ്റു താമരപൂക്കളില്‍ നിന്നും എന്നെ വേറെ ആക്കി ...
നീ പിന്നെയും നിന്റെ പാട്ടും കഥകളും കൊണ്ട് എന്നെ നിന്റെ ലോകത്തേക്ക് കൊണ്ട് പോയി .......
നിന്റെ ലോകം എന്നെ അക്ഷരം എഴുതാന്‍ പഠിപ്പിച്ചു ..
അങ്ങിനെ എന്റെ അക്ഷരങ്ങളില്‍ എല്ലാം നീ മാത്രമായി നിറഞ്ഞു നിന്നു....
നിന്റെ ലോകത്തിന്റെ നാലുകെട്ടില്‍ ഞാനും ഒരു വാടാത്ത താമര പൂവ്വായി .....
നിന്റെ നടുമുറ്റത്തെ താമരകുളത്തിലെ ഒരു വിടര്‍ന്ന താമരയായി നിറഞ്ഞു തുളുമ്പി നില്‍ക്കുന്നു ......

Wednesday, April 13, 2011

കണിക്കൊന്ന പൂക്കള്‍ .....


kanikkonna00003

ഐശ്വര്യത്തിന്റെ  നിറമായ
മഞ്ഞയില്‍ കുളിച്ചു സുന്ദരിയായി നില്‍ക്കുന്ന .
കണിക്കൊന്ന പൂവ്വേ .....
 നീ മാത്രം എന്തേ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം  വരുന്നത് ??
 കൃഷ്ണനോട് നിനക്ക് ഇപ്പോഴും പിണക്കമാണോ ??
നിന്റെ കണ്‍ കുളിര്‍പ്പിക്കുന്ന പീത നിറം
കൃഷ്ണന്റെ ഉടയാടകളിലും ഉണ്ടല്ലോ ...
എന്നിട്ടും .....
നീ എന്തേ ഒരിക്കലും കണ്ണന്റെ മാറിലെ
വനമാല പൂക്കളില്‍ ഒരുവളായി   മാറാത്തത് ??
എല്ലാവരെയും  പോലെ നിനക്കും ആഗ്രഹമില്ലേ
എന്നും കണ്ണന്റെ മാറിലെ വനമാല ആകാന്‍ ...
അതോ നീയും ശഠിച്ചുവോ കണ്ണന്റെ
വനമാലെ പൂക്കളില്‍ നീ മാത്രം മതിയെന്ന് ?
എന്നിട്ടും നീ എന്തേ കൃഷ്ണന് വേണ്ടി ഒരുങ്ങുന്നു ?
നിന്നെ എതിരേല്‍ക്കാന്‍ ....നിന്നെ കണികാണാന്‍ ..
കൃഷ്ണനും മോഹിക്കുന്നു ഉണ്ടാകാം അല്ലെ ??
നിന്നെയും കാത്തു ..നിന്നെ കണികാണാന്‍ നിന്റെ കൃഷ്ണനും ...
കൃഷ്ണന്റെ കൂടെ ഞങ്ങളും വിഷു ദിനത്തിനായി  കാത്തിരിക്കുന്നു ......

Monday, March 14, 2011

സാങ്കല്പികഭാവങ്ങള്‍

എല്ലാം സങ്കല്‍പ്പങ്ങള്‍ .....

നീ ഒരു സങ്കല്‍പം ...
ഞാന്‍ ഒരു സങ്കല്‍പം..

എല്ലാവരും ഉരുണ്ടതാണെന്ന് പറയുന്ന ഈ ഭൂമിയൊരു സങ്കല്‍പം ...
ചിലപ്പോള്‍ തൂ വെള്ളയും ചിലപ്പോള്‍ ഇളം നീലയും
 ചിലപ്പോള്‍ കാര്‍മേഘം വന്നു വെള്ളയും കറുപ്പും ആകുന്ന  
ആകാശമൊരു സങ്കല്‍പം ....
ആകാശത്തിന്റെ നിറം മാറുന്നത് അനുസരിച്ച്
 നിറം മാറുന്ന കടല്‍ ഒരു സങ്കല്‍പം ..
ഒരുപാട് പുഷ്പങ്ങള്‍ പ്രണയിക്കുന്ന.....
 കത്തി നില്‍ക്കുന്ന സൂര്യന്‍ ഒരു സങ്കല്‍പം ..
പൂ വെണ്ണിലാവു പൊഴിക്കുന്ന ...
ചെറിയ കുട്ടികള്‍ക്ക് സന്ധ്യ സമയത്ത് ചോറ് വാരി കൊടുക്കുമ്പോള്‍
അത്ഭുതത്തോടെ മുകളിലേക്ക് നോക്കി  കൈ ചൂണ്ടി കാണിച്ചു കൊടുക്കുന അമ്പിളിമാമനും കൊച്ചു നക്ഷത്രങ്ങളും എല്ലാം സങ്കല്‍പം..

കണ്ണ് കൊണ്ട് കാണാന്‍ കഴിയുന്നതൊക്കെ  സങ്കല്‍പം ...


എന്നാല് ഭംഗിയുള്ള ഏഴു നിറങ്ങളും കാണിച്ചുചിരിച്ചു നില്‍ക്കുന്ന  ക്ഷണികമായ മഴവില്ലേ ..
നിന്റെ ഈ ഭംഗിയില്‍ എത്ര മയിലുകള്‍ .
മതിമറന്നു നൃത്തം ചെയ്തു .....
നീ അറിയുന്നില്ലാ നീ വെറും ക്ഷണികമാണെന്ന്...
നിന്റെ ഈ ഭംഗിയുള്ള നിറങ്ങള്‍ പോയാല്‍ നീ  വെറും 
അര്‍ത്ഥശൂന്യമായ ജീവനില്ലാത്ത വെള്ള നിറമാണെന്ന് ....
ഈ സാങ്കല്പിക ലോകത്തില്‍ നീയും ഒരു സങ്കല്‍പം ..

എന്റെ മഴവില്ലേ .... എന്നോടുള്ള നിന്റെ സ്നേഹവും  ......
നിന്നോടുള്ള എന്റെ സ്നേഹവും .... 
അതും വെറും  ഒരു  സാങ്കല്പികമായിരുന്നോ  ????
അതോ സ്വപ്നമായിരുന്നോ ???
അതോ അത് നിന്റെ ഭാഷയില്‍ പറഞ്ഞാല്‍
 വെറും 'കല്ല്‌ വെച്ച നുണകള്‍'  ആയിരുന്നോ ???




Monday, March 7, 2011

എന്റെ മിഴികള്‍





























എനിക്ക് നിന്നെ കുറിച്ച്  ഒന്നും അറിയില്ല...
അല്ലെങ്കിലും ഞാന്‍ ഒരിക്കലും ഒരു എഴുത്തുകാരിയല്ലാ 
നിന്നെ ഞാന്‍ എങ്ങിനെ എന്റെ അക്ഷരങ്ങളില്‍ പകര്‍ത്തും  
മലയാളത്തിലെ കടിച്ചാല്‍ പൊട്ടാത്ത  ഭാഷയും  അറിയില്ല 
എങ്കിലും ഞാന്‍ എന്റെ അക്ഷരങ്ങളില്‍ നിന്നെ വരയ്ക്കുന്നു 
എങ്ങിനെ എനിക്ക് നിന്നെ കിട്ടി ?
ആരോ ചെയ്തു തന്ന പുണ്യം
നീ ഒരു ആഴ കടല്‍  ആണ് എന്റെ മുമ്പില്‍ 
എനിക്ക് ആ കടലില്‍ നിന്ന് 
വിലമതിക്കാന്‍ പറ്റാത്ത അത്രമുത്തുകളും പവിളങ്ങളും കിട്ടി
പലപ്പോഴും കാറും കോളും കൊണ്ട് നീ ഇരമ്പി മറിയുമ്പോള്‍ 
എന്റെ നനുത്ത തലോടലില്‍ നീ ശാന്തനായി ഭംഗി ഉള്ള 
ഒരു നീല കടല്‍ ആയി മാറുന്നത് ഞാന്‍ അറിയാറുണ്ട്
എന്റെ ഒരു നേര്‍ത്ത വിളിയില്‍ 
നീ ഈ ലോകം മുഴുവന്‍ മറക്കുന്നത് ഞാന്‍ അറിയാറുണ്ട്
ലോകത്തിന്റെ ഏതോ ഒരു മൂലയില്‍ എനിക്ക് വേണ്ടി കാത്തിരിക്കുന്ന
അല്ലാ എന്റെ ശബ്ദം കേള്‍ക്കാന്‍ വേണ്ടി കാത്തിരിക്കുന്ന നീ
നിന്നെ ഞാന്‍ എങ്ങിനെ എന്റെ വാക്കുകളില്‍ ഒതുക്കും
പണ്ട് ആരോ പറഞ്ഞ പഴമൊഴി 
തലയില്‍ വെച്ചാല്‍ പേന് അരിക്കും 
തറയില്‍ വെച്ചാല്‍ ഉര്മ്പ് അരിക്കും 
അതാണ്‌ നിനക്ക് ഞാന്‍ 
ഞാന്‍ ഇത്രയും ഭാഗ്യം ചെയ്തിട്ടുണ്ടോ ???
ആരോ ചെയ്തു വെച്ച പുണ്യം 
എന്റെ കൈ പിടിച്ചു എഴുതാന്‍ പഠിപ്പിക്കുന്ന
എന്നെ ചിരിപ്പിക്കുന്ന
എന്നെ കൊഞ്ചിക്കുന്ന  എന്നെ കളിപ്പിക്കുന്ന
എനിക്ക് പാട്ട് പാടി തരുന്ന
എന്റെ എല്ലാം എല്ലാം ആയ മണി മുത്തിന്  വേണ്ടി ......
ഇതിലും കൂടുതല്‍ ഞാന്‍ നിന്നെ പറ്റി എന്ത് പറയും....